ഒലവക്കോട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്പിഎൽ ചെന്നൈ, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പ്രത്യേക അവലോകനയോഗം ചേർന്നു.
കഴിഞ്ഞ രണ്ടുയോഗങ്ങളിലെ തീരുമാനങ്ങളും ഇനി ചെയ്തുതീർക്കാനുള്ള പണികളുടെ പുരോഗതിയും വിലയിരുത്തി. ആണ്ടിമഠം ഭാഗത്തുള്ള ടാറിംഗിന്റെ ആദ്യ കോട്ടിംഗ് കഴിഞ്ഞെന്നും കല്ലേകുളങ്ങര ഭാഗത്തുള്ള പാലത്തിന്റെ മുകൾഭാഗത്തെ ടാറിംഗ് ആദ്യ കോട്ടിംഗ് പ്രവൃത്തികൾ തുടങ്ങിയെന്നും എട്ടുദിവസത്തിനുള്ളിൽ ഈ പ്രവൃത്തികൾ തീരുമെന്നും എസ്പിഎല്ലിന്റെ ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.
അതിനുശേഷം രണ്ടുദിവസത്തെ സമയത്തിനുള്ളിൽ രണ്ടാമത്തെ മുഴുവൻ ടാറിംഗ് ജോലികളും പൂർത്തീകരിക്കും. ടാറിംഗിനുശേഷം ഒക്ടോബർ മൂന്നുമുതൽ മൂന്നുദിവസത്തെ റോഡ് ടെസ്റ്റ് നടത്തും. ഒക്ടോബർ 10ന് വാഹനഗതാഗത്തിന് തുറന്നുകൊടുക്കാനാണ് ആർബിഡിസികെയും എസ്പിഎല്ലും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അറിയിച്ചു.
ആണ്ടിമഠം ഭാഗത്തെ പുതിയ കൾവർട്ട് 16 മീറ്റർ വീതിയുള്ളതാണെന്നും കോണ്ക്രീറ്റിന്റെ ക്യൂറിംഗിന് 28 ദിവസം വേണ്ടിവരുമെന്നും ഇപ്പോൾ ഏഴര മീറ്റർ ഭാഗം ക്യൂറിംഗ് കഴിഞ്ഞിരിക്കുന്നതിനാൽ ഗതാഗതത്തിന് പ്രതിബന്ധമില്ലെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
1170 മീറ്റർ നീളമുള്ള നടപ്പാതയുടെ സംരക്ഷണ ചുമരിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് സമയം വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ കഴിഞ്ഞ യോഗത്തിൽ നൽകിയ ഉറപ്പ് ആർബിഡിസികെയും എസ്പിഎല്ലും പാലിക്കണമെന്നും ഒക്ടോബർ 10 ന് പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവും വൈസ് പ്രസിഡന്റ് സുജിത്തും പറഞ്ഞു.
കെഎസ്ഇബിയും എസ്പിഎല്ലും പിഡബ്ല്യുഡിയും ആയി ബന്ധപ്പെട്ട നടക്കാവ് പരിസരത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പഞ്ചായത്ത് അധികതർ യോഗത്തിൽ വ്യക്തമാക്കി. സർവീസ് റോഡ്, ഡ്രയിനേജ് എന്നിവ സമയബന്ധിതമായി പൂർത്തികരിക്കണമെന്നും നിർദേശിച്ചു.
യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മല്ലിക, മെംബർമാരായ കെ.എ. സുധീർ, കെ.കെ. അജയ്, എസ്. ഷിജു, കെ. കോമളദാസ്, കെ. ബിന്ദു, കെ. സരള, ആസൂത്രണസമിതി അംഗം മുരളി അന്പാട്ട്, സെക്രട്ടറി പി.വി. പ്രീത, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, ക്ലർക്ക് ഉമേഷ്, ആർ. പനീർ സെൽവൻ, കണ്ണൻ, രാജേഷ് എന്നിവർ പങ്കെടുത്തു. അടുത്ത അവലോകനയോഗം ഒക്ടോബർ എട്ടിനു ചേരും.